അണുകുടുംബത്തിന്‍റെ സാംസ്കാരിക                        തകര്‍ച്ച

മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും അവര്‍ പകര്‍ന്ന് നല്‍കുന്ന സാരപ്രൌഢമായ ആശയങ്ങളുടെയും സാന്നിദ്ധ്യത്തെ ഇല്ലാതാക്കിക്കൊണ്ട് സാംസ്കാരികമായ ഒരു അപചയത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ് അണുകുടുംബ വ്യവസ്ഥ. മാത്രമല്ല, കൂട്ടുകുടുംബങ്ങള്‍ അപൂര്‍വമായി മാറിയ ഒരു സമൂഹത്തിന്‍റെ സാംസ്കാരിക നിലവാരത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങളോ ചര്‍ച്ചകളോ ഉണ്ടായതായി തോന്നുന്നുമില്ല.
ജീവിത ശൈലികളോട് നാഗരികമായ സമീപനം കൈക്കൊള്ളുകയാണെങ്കില്‍ നമ്മുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച തടസ്സപ്പെടുകയാണ് ചെയ്യുന്നതെന്ന സത്യം പലപ്പോഴും ബോധപൂര്‍വം തമസ്കരിക്കപ്പെടുകയാണ്. ജീവിത ശൈലിയുടെ അമിതമായ നഗരവല്‍‌ക്കരണം ഏറെ അപകടകാരിയാണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇവിടെ നഗര വല്‍ക്കരണം എന്ന പദത്തിന് തിരിക്കുപിടിച്ച ഒരു പട്ടണത്തിന്‍റെ പശ്ചാത്തല പിന്തുണ ആവശ്യമില്ല. മറിച്ച് ശാന്തവും സുന്ദരവുമായ പ്രകൃതിയില്‍ നിന്ന് അകല്‍ച്ച പ്രാപിക്കാന്‍ വ്യക്തികള്‍ നടത്തുന്ന ഏതൊരു ശ്രമവും പ്രസ്തുത പദത്തിന്‍റെ കീഴില്‍ വരും.
ഇത്തരമൊരു സാമൂഹിക അവഗണനയുടെ ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക നമ്മുടെ ഇളം തലമുറയാണ്. അച്ഛനമ്മമാരും അധ്യാപകരും പിന്നെ തന്‍റെ ചുറ്റുപാടുകളുമാണ് ഒരു കുട്ടിയുടെ ഭൌതികവും ആത്മീയവുമായ വിദ്യാഭ്യാസത്തിന് അടിത്തറ നല്‍കുന്നതെന്നിരിക്കെ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഇതിലേതാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവുന്നതെന്നത് വിലയിരുത്തപ്പെടേണ്ടതാണ്.
മാതാപിതാക്കളുടെ ശരിയായ സാരോപദേശം കിട്ടാതെ വളരുന്നവരാണ് അണുകുടുംബങ്ങളിലെ മിക്ക കുട്ടികളും. അവര്‍ ജീവിതത്തെ നോക്കിക്കാണുന്നത് അവരവര്‍ സ്വയം സൃഷ്ടിച്ച വീക്ഷണകോണുകളിലൂടെയായിരിക്കും. അത് മിക്കവാറും അപക്വവുമായിരിക്കും. അതിനെ വിലയിരുത്താനോ തിരുത്താനോ ഒരാളില്ലാതെ വരുമ്പോള്‍ അതിന്‍റെ വികാസം തീര്‍ത്തും മന്ദഗതിയിലായിരിക്കും. യാന്ത്രികമായ കളിക്കോപ്പുകള്‍ക്കോ നൈമിഷികമായ ഉല്ലാസ യാത്രകള്‍ക്കോ ഇക്കാര്യത്തില്‍ യാതൊരു പങ്കും വഹിക്കാന്‍ കഴിയില്ല.
ഭൌതിക സൌകര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സാമ്പത്തികം പച്ചപിടിക്കുമ്പോഴേ ഗ്രാമങ്ങളോട് വിട പറയുകയാണ് ഇന്നത്തെ യുവ തലമുറ. ദിശാബോധം നഷ്ടപ്പെട്ട, ഓരോ പ്രശ്നത്തിലും ഇതികര്‍ത്തവ്യതാമൂഢത്വം അനുഭവിക്കുന്ന ഒരു തലമുറയ്ക്ക് ഒരു രാഷ്ട്രത്തിന്‍റെ വികസനത്തില്‍ ഏറെയൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല. തങ്ങള്‍ നയിക്കുന്ന യാന്ത്രിക ജീവിതമാണ് ഇത്തരമൊരു മാനസിക വൈകല്യത്തില്‍ അവര്‍ എത്തിച്ചേരാന്‍ കാരണം.
കളിപ്പാട്ടങ്ങള്‍ യന്ത്രങ്ങളാകുമ്പോള്‍ ജീവിത വീക്ഷണവും യാന്ത്രികമായിരിക്കും. നാളത്തെ പൌരന്‍‌മാരായ ഈ കുട്ടികള്‍ അവരുടെ ജീവിത യാത്രയില്‍ എങ്ങനെ വിജയകരമായി മുന്നേറും എന്നത് ആശങ്കാ ജനകമാണ്. പ്രകൃതിയുടെ മടിത്തട്ടിലൂടെ ഓടിക്കളിക്കേണ്ട ഇളം പ്രായത്തില്‍ അവരെ യന്ത്രക്കുതിരയുടെ പുറത്തിരുത്തിയും യന്ത്രക്കാറുകളോടിച്ചും കറങ്ങുന്ന ചെയറില്‍ തലചുറ്റുവോളം ഇരുത്തിയും നിര്‍വൃതിയടയുകയാണ് രക്ഷിതാക്കള്‍. ഒരു കുഞ്ഞിന്‍റെ താല്‍‌ക്കാലികമായ മാനസികോല്ലാസത്തിന് ഇതോക്കെ മതിയാകും. എന്നാല്‍ അവന്‍റെ മാനസികമായ വളര്‍ച്ചയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ത് പങ്കാണ് വഹിക്കുക എന്നത് ശ്രദ്ധേയമാണ്.
ഇവിടെ ഒരു ഗ്രാമീണ ബാലന്‍റെ ജീവിതത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും. നിയമാവലിയുടെ അടിസ്ഥാനത്തിലുള്ള കളികള്‍ മാത്രമല്ല അവിടെയുള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫുട്ബോളും ക്രിക്കറ്റും കിളിത്തട്ടും കളിക്കുന്ന കുട്ടിക്ക് അതേ ഉല്ലാസത്തോടെ തന്‍റെ വീടിന്‍റെ പരിസരത്തുള്ള ഏറ്റവും ഉയര്‍ന്ന വൃക്ഷ ശിഖരങ്ങള്‍ കീഴടക്കാന്‍ കഴിയും. നാട്ടിലെ ഓരോ കുറ്റിച്ചെടിയുടെ ഗന്ധവുമായും അവന്‍ പരിചിതനാകും. ഇളം കാറ്റിനേയും സൂര്യ രശ്മികളേയും നെഞ്ചിലൂടെ കടത്തിവിടുന്നതിന്‍റെ അനുഭൂതി അവന് ആവോളം അനുഭവിക്കാനാകും.
ശാരീരികമായും മാനസികമായും ഗുണം ചെയ്യുന്ന ഇത്തരം അബോധപ്രവര്‍ത്തനങ്ങള്‍ പക്ഷേ നഗരത്തിലെ കുട്ടികള്‍ക്ക് അന്യമാകുന്നു.  തന്‍റെ അപ്പാര്‍ട്ട്‌മെന്‍റിന് പുറത്തുകടക്കുന്ന അവന്‍ എത്തുന്നത് ഒന്നുകില്‍ വാഹങ്ങള്‍ ചീറിപ്പായുന്ന ഹൈവേ റോഡിലേക്കോ അല്ലെങ്കില്‍ അടുത്ത വീടിന്‍റെ പൂമുഖത്തേക്കോ ആണ്. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ ആകാശത്തിന്‍റെ ചെറിയൊരു പൊട്ടുമാത്രം കാണുന്ന അവന്‍ എങ്ങനെ പാല്‍‌പുഞ്ചിരി തൂകുന്ന അമ്പിളിമാമനുമായും പൂത്തിറങ്ങുന്ന നക്ഷത്ര കാന്താരികളുമായും പൂക്കളമൊരുക്കുന്ന വാര്‍മഴവില്ലുമായും പരിചിതരാകും.
ഈയൊരവസ്ഥയിലാണ് ശുദ്ധവായു തേടി രക്ഷിതാക്കള്‍ അവരെയും കൊണ്ട് പാര്‍ക്കുകളിലും മറ്റും എത്തുന്നത്. അതും മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ മാത്രം. പാര്‍ക്കുകളിലെ എല്ലാ കളിപ്പാട്ടങ്ങളും വീട്ടിലൊരുക്കുക അസംഭവ്യമെന്നിരിക്കെ കുട്ടികളുടെ ഈ സമയത്തെ അനുഭൂതി നൈമിഷികമാണെന്നതില്‍ സംശയമില്ല.
അതേസമയം മനശാസ്ത്രപരമായി അപഗ്രഥിക്കുമ്പോള്‍ ഗ്രാമീണ കളികളുടെ സൌന്ദര്യവും ഗുണങ്ങളും അല്‍‌ഭുതപ്പെടുത്തുന്നതത്രെ. അതില്‍ത്തന്നെ ചിലത് യോഗയുടെയും ധ്യാനത്തിന്‍റെയും ഗുണം ചെയ്യുമെന്നും ആത്മബലവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുമെന്നും തെളിഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, പ്രതിസന്ധികളെ തരണം ചെയ്യാനും കീഴടക്കാനും ഉള്ള ഒന്നാം തരം പരിശീലനമാണ് ഗ്രാമീണ കുട്ടികളുടെ ഇഷ്ടകളികളില്‍ മിക്കതും. ആകസ്മികമായ തീരുമാനങ്ങള്‍ക്കും ചടുല നീക്കങ്ങള്‍ക്കും അതില്‍ മുഖ്യസ്ഥാനമുണ്ട്. ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ ധൈര്യപൂര്‍വം നേരിടാന്‍ ഇത്തരം കുട്ടികള്‍ പ്രാപ്തരാവുമ്പോള്‍ ഉയര്‍ന്ന അക്കാഡമിക് വിദ്യാഭ്യാസമുള്ള പലരും നിസ്സാരപ്രശ്നങ്ങളുടെ മുമ്പില്‍ പകച്ച് നില്‍ക്കുന്നത് കാ‍ണാം. ചുരുക്കത്തില്‍, നഗരങ്ങളിലെ കുട്ടികള്‍ക്ക് യഥാര്‍ത്ഥ അനുഭവങ്ങളും പരിശീലനങ്ങളും അന്യമാവുകയാണ്.
ആധുനിക രീതിയില്‍ ഗംഭീരമായി പണിത ഒരു ഭവനമല്ലാതെ തന്‍റേതെന്ന് പറയാന്‍ ഒന്നുമില്ലാത്ത നഗരവാസി കുഞ്ഞുങ്ങളേയുംകൊണ്ട് പാര്‍ക്കുകളിലും ഉല്ലാസകേന്ദ്രങ്ങളിലും ചുറ്റിത്തിരിയാന്‍ നിര്‍ബന്ധിതരാകുന്നു. ഈയൊരവസ്ഥയില്‍ അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ ഇന്നൊരു വന്‍ സാമ്പത്തിക സ്രോതസ്സാണെന്ന് കുത്തക ഭീമന്മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്ന നഗര വല്‍ക്കരണം ഇവയെ വെള്ളവും വളവും നല്‍കി വളര്‍ത്തുകതന്നെ ചെയ്യും

കേരളീയര്‍ക്ക് കൂട്ടുകുടുംബം പ്രിയമെന്നു സര്‍വേ ഫലം


മലയാളികള്‍ക്കു പ്രിയം കൂട്ടുകുടുംബ സമ്പ്രദായം തന്നെയാണെന്നു സര്‍വേ ഫലം. ചെറുപ്പക്കാരായ ദമ്പതികള്‍ക്ക് അണുകുടുംബത്തേക്കാള്‍ കൂട്ടുകുടുംബത്തോടൊപ്പം ജീവിക്കാനാണു താത്പര്യമെന്നു ശാദി ഡോട്ട് കോമിന്റെ മലയാള വിഭാഗം സംഘടിപ്പിച്ച സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളും ആണ്‍കുട്ടികളും ഉള്‍പ്പെടെ 62 ശതമാനം പേര്‍ വിവാഹത്തിനുശേഷം കുടുംബാംഗങ്ങളോടൊന്നിച്ചു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ജോലിപരമായ ടെന്‍ഷനുകള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കിടയിലും കുടുംബത്തിന്റെ പിന്തുണ അവര്‍ ആഗ്രഹിക്കുന്നു. ഉത്തരവാദിത്വവും സന്തോഷവും കുടുബാംഗങ്ങളൊന്നിച്ചു പങ്കുവക്കാനാണ് അവര്‍ക്കു താത്പര്യം. പുരാതന ഭാരത സംസ്കാരമനുസരിച്ചു കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ബന്ധങ്ങളുടെ പവിത്രതയും കെട്ടുറുപ്പും നിലനില്‍ക്കുന്നത്. 90-കളോടെ ആധുനികവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ഭാഗമായി അണുകുടുംബ സംസ്കാരത്തിലേക്കു മാറിത്തുടങ്ങി. എന്നാല്‍, വിവാഹത്തിനുശേഷം കൂട്ടുകുടുംബത്തോടൊന്നിച്ചു ജീവിക്കുന്നതാണു സുരക്ഷിതവും സന്തോഷവുമായ ജീവിതത്തിനു നല്ലതെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണു സര്‍വേ സൂചി പ്പിക്കുന്നത്..

4600 വര്‍ഷം പഴക്കമുള്ള അണുകുടുംബം

ജര്‍മനിയില്‍നിന്ന്‌ പുരാവസ്‌തുഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍, കുടുംബ വ്യവസ്ഥകളെ സംബന്ധിച്ച പ്രാചീന സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നു.

അച്ഛന്‍, അമ്മ. ഏറിയാല്‍ രണ്ട്‌ മക്കള്‍. ഇത്രയും അംഗങ്ങള്‍ മാത്രമുള്ളതാണ്‌ അണുകുടുംബം എന്ന്‌ അറിയപ്പെടാറ്‌. മലയാളികള്‍ക്ക്‌ ഇത്തരം കുടുംബത്തെപ്പറ്റി മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ ഗുണവും ദോഷവും നന്നായി അനുഭവിക്കുന്നവരാണ്‌ കേരളീയര്‍. എന്നാല്‍, പുതിയ കാലത്തെ മാത്രം പ്രതിഭാസമാണ്‌ അണുകുടുംബമെന്ന്‌ ധരിക്കുന്നുവെങ്കില്‍ അത്‌ ശരിയല്ല എന്ന്‌ പുതിയൊരു പഠനം പറയുന്നു. ജര്‍മനിയില്‍നിന്ന്‌ 4600 വര്‍ഷം മുമ്പത്തെ അണുകുടുംബത്തിന്റെ വ്യക്തമായ തെളിവ്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

ജര്‍മനിയില്‍ സക്‌സോണി-അന്‍ഹാല്‍ട്ടിലെ യൂലാവുവില്‍ കണ്ടെത്തിയ നാല്‌ ശവക്കുഴികളില്‍ നിന്നാണ,്‌ പ്രാചീന കുടുംബ വ്യവസ്ഥകളെക്കുറിച്ചുള്ള സൂചനകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചത്‌. 2005-ല്‍ കണ്ടെത്തിയ ആ പ്രാചീന അവശിഷ്ടങ്ങള്‍ ഡി.എന്‍.എ. വിശകലനത്തിന്‌ വിധേയമാക്കിയപ്പോള്‍, നവീനശിലായുഗത്തില്‍ സാധാരണമല്ലാതിരുന്ന കുടുംബവ്യവസ്ഥകളെയും സംസ്‌ക്കാരരീതികളെയും കുറിച്ച്‌ വ്യക്തമായെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സി' (PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഒരു പുരുഷനും ഒരു സ്‌ത്രീയും രണ്ട്‌ കുട്ടികളുമാണ്‌ ഒരു ശവക്കുഴിയില്‍ കാണപ്പെട്ടത്‌. ഡി.എന്‍.എ. വിശകലനത്തില്‍ അത്‌ അച്ഛനും അമ്മയും രണ്ട്‌ ആണ്‍മക്കളുമാണെന്ന്‌ വ്യക്തമായി. 4-5, 8-9 വയസ്‌ പ്രായമുള്ളവരാണ്‌ കുട്ടികള്‍. ഇതാണ്‌ അണുകുടുംബത്തെ സംബന്ധിച്ച്‌ ലഭ്യമായ ഏറ്റവും പഴയ ജനിതക തെളിവെന്ന്‌ ഗവേഷകര്‍ പറയുന്നു.

മാത്രമല്ല, പ്രചീനകാലത്തെ ശവസംസ്‌ക്കാര രീതികളെപ്പറ്റിയും കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ ഈ കണ്ടെത്തല്‍. നാല്‌ ശവക്കുഴിയിലും കൂടി 13 പേരുടെ അവശിഷ്ടങ്ങളാണ്‌ ഉണ്ടായിരുന്നത്‌. വ്യക്തിബന്ധം പ്രതിഫലിക്കത്തക്ക വിധമാണ്‌ മൃതദേഹങ്ങള്‍ കിടത്തിയിരുന്നത്‌. നവജാതശിശു മുതല്‍ പത്ത്‌ വയസ്സ്‌ വരെ പ്രായമുള്ള കുട്ടികള്‍ വരെ ശവക്കുഴികളില്‍ ഉണ്ടായിരുന്നു; 30 വയസ്സോളം പ്രായമുള്ള മുതിര്‍ന്നവരും ഉണ്ടായിരുന്നു. എന്നാല്‍, കൗമാരപ്രായക്കാരുടെ ആരുടെയും അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.

എതിര്‍ ഗ്രൂപ്പുകളുടെ കഠിനമായ ആക്രമണത്തിന്‌ ഇരയായി മരിച്ചതാണ്‌ അവരെല്ലാം എന്നതിനും ഗവേഷകര്‍ക്ക്‌ തെളിവ്‌ കിട്ടി. അസ്ഥികളില്‍ കാണപ്പെട്ട ഒടിവുകളും പരിക്കുകളും വെച്ചാണ്‌ ഇക്കാര്യം അവര്‍ അനുമാനിച്ചെടുത്തത്‌. മാത്രമല്ല, ശിലായുഗത്തില്‍ നടന്ന ആ ദുരന്തം മനസിലാക്കാന്‍ ഏറ്റവും ആധുനികമായ ജനിതക സങ്കേതങ്ങളും ഐസോടോപ്പ്‌ ഡേറ്റിങുമൊക്കെ ഗവേഷകര്‍ അവലംബിച്ചു.

ഒരു ശവക്കുഴിയിലെ രണ്ട്‌ മുതിര്‍ന്നവരുടെയും രണ്ട്‌ കുട്ടികളുടെയും ജനിതകബന്ധം കണ്ടെത്തുക വഴി, പ്രാചീന മധ്യയൂറോപ്പില്‍ അണുകുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ തെളിവ്‌ ഹാജരാക്കാന്‍ കഴിഞ്ഞെങ്കിലും, പ്രാചീനലോകത്ത്‌ അതൊരു മാതൃകയായിരുന്നു എന്ന്‌ തങ്ങള്‍ കരുതുന്നില്ലെന്ന്‌, ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അഡെലെയ്‌ഡെ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. വൂല്‍ഫ്‌ഗാങ്‌ ഹാക്ക്‌ അറിയിക്കുന്നു.

ചെറുപ്പത്തില്‍ ഭക്ഷണം വഴി പല്ലില്‍ അടിഞ്ഞുകൂടുന്ന മൂലകമാണ്‌ സ്‌ട്രോന്‍ഷ്യം. യൂലാവുവിലെ ശവക്കുഴികളില്‍ കാണപ്പെട്ടവര്‍ എവിടെയാണ്‌ വളര്‍ന്നതെന്ന്‌ മനസിലാക്കാന്‍ സ്‌ട്രോന്‍ഷ്യം ഐസോടോപ്പിന്റെ വിശകലനവും തങ്ങള്‍ നടത്തിയെന്ന്‌, പഠനത്തില്‍ പങ്ക്‌ വഹിച്ച ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ഹൈല്‍കെ ഡി ജോങ്‌ പറഞ്ഞു. വിവിധ വ്യക്തികളുടെ പല്ലിലെ സ്‌ട്രോന്‍ഷ്യം ഐസോടോപ്പുകളുടെ തോത്‌ താരതമ്യം ചെയ്‌താല്‍, അവര്‍ വളര്‍ന്ന മേഖലയെക്കുറിച്ചും അവിടുത്തെ ഭൗമശാസ്‌ത്രത്തെക്കുറിച്ചും സൂചന ലഭിക്കും.

സ്‌ട്രോന്‍ഷ്യം വിശകലനത്തില്‍ ലഭിച്ച വിവരം കൗതുകമുണര്‍ത്തുന്നതാണ്‌. പുരുഷന്‍മാരും കുട്ടികളും വളര്‍ന്ന പ്രദേശത്തിന്‌ വെളിയില്‍ നിന്നുള്ളവരാണ്‌ സ്‌ത്രീകള്‍ എന്നാണ്‌ അത്‌ വ്യക്തമാക്കിയത്‌-പഠനപദ്ധതിയുടെ സഹമേധാവിയും ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. അലിസ്‌റ്റെയര്‍ പൈക്ക്‌ അറിയിക്കുന്നു. മറ്റ്‌ സ്ഥലങ്ങളില്‍നിന്ന്‌ സ്‌ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതും (exogamy), പുരുഷന്‍മാരുടെ സ്ഥലങ്ങളിലേക്ക്‌ സ്‌ത്രീകള്‍ പറിച്ചു നടപ്പെടുന്നതും (patrilocaltiy), പ്രാചീനകാലത്തു പോലും നിലനിന്നിരുന്നു എന്നാണ്‌ ഇതിനര്‍ഥം.

(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌(PNAS), ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌)