ഹൃദയാരോഗ്യത്തിന് ഒത്തൊരുമിക്കാം
അശാസ്ത്രീയമായ ഭക്ഷണ രീതി വിലക്കുന്നതിലൂടെയും വ്യായാമത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെയും പുകവലിയും മറ്റു ദുശ്ശീലങ്ങളും കര്‍ക്കശമായി നിയന്ത്രിക്കുന്നതിലൂടെയും വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഹൃദയാരോഗ്യത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണം. ഈ ഹൃദയാരോഗ്യദിനം ആഹ്വാനം ചെയ്യുന്നത് ഇക്കാര്യമാണ്.
ഹൃദയത്തിന്റെ സമൂലമായ ആരോഗ്യം കാത്തുപരിപാലിക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. 2007-ലെ ഹൃദയാരോഗ്യദിനം നിര്‍ദേശിക്കുന്ന വസ്തുതകളും ഇവതന്നെ.
അശാസ്ത്രീയമായ ഭക്ഷണക്രമം ഒഴിവാക്കി മത്സ്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ കൂടുതലുള്ള ആഹാരരീതി അവലംബിക്കണം.
പഴങ്ങളും പച്ചക്കറികളും ആവശ്യത്തിനുള്ള ആഹാരം കുട്ടികള്‍ക്ക് സ്കൂളുകളില്‍ കൊടുത്തുവിടുക. മെച്ചമുള്ള ആഹാരാരീതികള് പ്രചരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം കൊടുക്കുക.
മധുരമുള്ള ശീതളപാനിയങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുക. ധാരാളം വെള്ളവും കൊഴുപ്പുകുറഞ്ഞ പാലും കുടിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.
മുതിര്‍ന്നവര്‍ കുറഞ്ഞത് 30 മിനിറ്റും കുട്ടികള്‍ ഒരു മണിക്കൂറും വ്യായാമം ചെയ്യുക.
വീടുകളില്‍ മാതാപിതാക്കളും ബന്ധുക്കളും കര്‍ശനമായും പുകവലിക്കരുത്. പുകവലി മുക്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക.
ജോലി സ്ഥലത്ത് ആരോഗ്യപൂര്‍ണമായ ഭക്ഷണം കഴിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുക. ജോലിക്കിടയില്‍ ആവശ്യത്തിന് വിശ്രമിക്കാനും വ്യായാമപദ്ധതികളിലേര്പ്പെടാനുമുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കുക.
പൊതുഭക്ഷണശാലകളില്‍ പുകവലി കര്‍ശനമായി ഒഴിവാക്കുക.
ഭരണാധികാരികള്‍ പൊതുജനങ്ങളുടെ സമഗ്രമായ ആരോഗ്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന പ്രവര്ത്തനങ്ങള്സംവിധാനം ചെയ്യുക. നല്ല കുടിവെള്ളം ലഭിക്കുന്നതിനും പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും നിബന്ധനകള്‍ വെക്കുക. ആരോഗ്യത്തിന് ഹാനികരമാകുന്നതും സഭ്യമല്ലാത്തതുമായ പരസ്യങ്ങള്‍ നിരോധിക്കുക.
ഒരുവന്റെ സൗഖ്യവും ക്ഷേമവും സുസ്ഥിതിയും അളക്കപ്പെടുന്നത് അയാളുടെ മാനസിക-ശാരീരികാവസ്ഥയുടെ അളവുകോല്‍ കൊണ്ടാണ്. ഇതത്രേ, ആരോഗ്യപൂര്‍ണമായ ആഹാരക്രമത്തിലൂടെയും ഊര്‍ജസ്വലമായ വ്യായാമ പദ്ധതിയിലൂടെയും പുകവിമുക്തമായ ജീവിതാന്തരീക്ഷത്തിലൂടെയും ആര്‍ജിച്ചെടുക്കേണ്ടതാണ്. കുടുംബാന്തരീക്ഷവും ജോലി സ്ഥലവും വിദ്യാലയുവമെല്ലാം ഒരാളുടെ ശാരീരിക-മാനസിക-സാമൂഹിക സന്തുലിതാവസ്ഥയെ ഇളക്കിമറിക്കുകയാണ് ചെയ്യുന്നത്. ജീവിതാന്തരീക്ഷത്തിലെ അനുകൂലാവസ്ഥകള്‍ ഊര്ജസ്രോതസ്സാകുമ്പോള്, പ്രതികൂലാവസ്ഥകള്‍ ജീവിതപാതയില് കുണ്ടും കുഴികളും സൃഷ്ടിക്കുന്നു. അനാരോഗ്യകരമായ ജീവിതചര്യകളും അശാസ്ത്രീയമായ ഭക്ഷണരീതികളും ഒരുവനെ രോഗാതുരയിലേക്ക് തള്ളിവിടുന്നു. ഹൃദയാരോഗ്യത്തെ കാത്തുപരിപാലിക്കാന്‍ ഒറ്റക്കല്ല ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഒരുവന്റെ സൗഖ്യാവസ്ഥയുമായി വീട്ടില്‍ കുടുംബാംഗങ്ങളും വിദ്യാലയത്തില്‍ അധ്യാപകരും സഹപാഠികളും ജോലിസ്ഥലത്തും സഹപ്രവര്‍ത്തകരും കൂട്ടായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണം. എങ്കിലേ ആരോഗ്യപരിപാലനം പൂര്‍ണമാകൂ. ഹൃദ്രോഗത്തെ പടിപ്പുറത്ത് നിര്‍ത്താനുള്ള പോരാട്ടത്തില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സമൂഹത്തേയും പങ്കാളികളാക്കണം.
ഈ യാഥാര്‍ഥ്യമാണ് ഈ വര്‍ഷത്തെ ഹൃദയാരോഗ്യദിനസന്ദേശം- ''ആരോഗ്യമുള്ള ഹൃദയങ്ങള്‍ക്കായി കൂട്ടായി പ്രവര്‍ത്തിക്കാം'' (ടഫദശ ഠഹ ബസഴ ഒഫദവര്മസ്ര ഒഫദഴര്റ). രോഗാതുര തുടച്ചുമാറ്റുന്നതില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രസക്തി എട്ടാം ലോകഹൃദയദിനം അടിവരയിട്ടു കാണിക്കുന്നു. വീടും സ്കൂളും ജോലി സ്ഥലവും മതസ്ഥാപനങ്ങളുമെല്ലാം ഒരാളുടെ സമൂലമായ ആരോഗ്യപരിപാലന കര്‍മത്തില്‍ സജീവ പങ്കുകാരാവണം. അശാസ്ത്രീയമായ ഭക്ഷണരീതി വിലക്കുന്നതിലൂടെയും വ്യായാമത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെയും പുകവലിയും മറ്റു ദുശ്ശീലങ്ങളും കര്‍ശനമായി നിരോധിക്കുന്നതിലൂടെയും മറ്റും വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഹൃദയാരോഗ്യത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. വരുംകാലങ്ങളില്‍ ഹൃദയാരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉളവാക്കുന്ന ഒന്നാണ് പൊണ്ണത്തടി. ലോകത്ത് ഏതാണ്ട് നൂറ് കോടിയലധികം പേര്‍ക്കും അമിത ഭാരമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇന്ത്യയില്‍ പോലും പത്തു കോടിയിലേറെ ആള്‍ക്കാര്‍ക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്. കേരളത്തില്‍ 2003-2005 കാലത്ത് അഞ്ചിനും പതിനാറിനും വയസ്സിനിടയിലുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണങ്ങളില്‍ കുട്ടികളുടെ ഭാരത്തില്‍ കാര്യമായ വര്‍ധന കണ്ടെത്തി. 2003-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ മുപ്പത് ശതമാനത്തിലേറെ വര്‍ധന 2005-ല്‍ കണ്ടെത്തി. അമിത വണ്ണത്തിന്റെ കാര്യത്തില്‍ നഗരത്തിലുള്ള ആണ്‍കുട്ടികള്‍ തന്നെ മുന്‍പന്തിയില്‍. എന്തും വലിച്ചുവാരി തിന്നുന്ന, തികച്ചും മാംസബുക്കുകളായി മാറുന്ന കേരളീയര്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ആളുകളെ അപേക്ഷിച്ച് അപകടത്തിന്റെ നിയന്ത്രണമേഖല അതിക്രമിച്ചുകഴിഞ്ഞു.
അമിത വണ്ണമുള്ള കുട്ടികളില്‍ വളര്‍ന്ന് 65 വയസ്സാകുന്നതിന് മുമ്പ് ഹൃദ്രോഗമോ മസ്തിഷ്ക്കാഘാതമോ ഉണ്ടാകാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണെന്ന കാര്യം അറിയുമ്പോഴാണ് അമിത വണ്ണമുയര്ത്തുന്ന ഭീഷണി എത്രയെന്ന് വ്യക്തമാകുക. ആവശ്യത്തിന് വ്യായാമം ലഭിക്കാത്ത കുട്ടികള്‍ക്കും ദുര്മേദസ്സുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് കണക്കുകള്‍ പറയുന്നു. അറുപതു ശതമാനത്തിലധികം പേരും ദിവസേന മുപ്പതു മിനിറ്റുപോലും യാതൊരു വിധത്തിലുള്ള വ്യായാമവും ചെയ്യുന്നില്ല.
പൊണ്ണത്തടി ഹൃദയത്തിനും ധമനികള്‍ക്കും അമിത ലോഡ് ആണ് ഉണ്ടാക്കുന്നത്. രക്തസഞ്ചാരം സുഗമമാക്കാന്‍ ഹൃദയം സാധാരണയില്‍ കവിഞ്ഞു ജോലിയെടുക്കേണ്ടിവരുന്നു. ഈ അമിതാദ്ധ്വാനം കാലക്രമേണ ഹൃദയത്തിലേക്കും മസ്തിഷ്ക്കാഘാതത്തിലേക്കുമുള്ള വഴി വെട്ടിച്ചുരുക്കുന്നു. കൂടാതെ ദുര്‍മേദസ് മൂലമുണ്ടാകുന്ന മറ്റു അപകടസാധ്യതകളിലൂടെയും ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നു. പൊണ്ണത്തടിയുള്ളവര്‍ക്കു രക്തസമ്മര്‍ദസാധ്യത രണ്ടു മുതല്‍ ആറു മടങ്ങുവരെയാണ്. പ്രമേഹവും ദുര്‍മേദസ്സും തോളോടുതോള്‍ ചേര്‍ന്നു സഹവര്‍ത്തിക്കുന്നു. പ്രമേഹമുള്ള 80 ശതമാനം ആള്‍ക്കാര്‍ക്കും അമിതവണ്ണമുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രമേഹമുള്ള 58 ശതമാനം പേര്‍ക്കും ഹൃദ്രോഗമുള്ള 21 ശതമാനം പേര്‍ക്കും ബോഡിമാസ് ഇന്‍ഡെക്സ് (ബി.എം.ഐ.) 21-ല്‍ കൂടുതലായുണ്ട്.
സ്ത്രീകളുടെ കാര്യം ഏറെ കഷ്ടകരം തന്നെ. രോഗമുണ്ടായാല്‍ പുരുഷന്മാര്ക്ക് കിട്ടുന്നത്ര ശ്രദ്ധയും പരിചരണവും സ്ത്രികള്‍ക്ക് കിട്ടുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. വര്‍ഷംപ്രതി ഏതാണ്ട് 86 ലക്ഷം സ്ത്രീകളാണ് ഹൃദ്രോഗംമൂലം മരിക്കുന്നത്; ഒരു മിനിറ്റില്‍ പതിനാറു സ്ത്രികള്‍ എന്ന തോതില്‍. ഹൃദ്രോഗം പ്രധാനമായി പുരുഷന്മാരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന് പലരും ധരിച്ചുവെച്ചിരിക്കുകയാണ്. എന്നാല്‍, 1990-നെ അപേക്ഷിച്ചു 2020-ല്‍ ഹൃദ്രോഗം സ്ത്രീകളില്‍ 120 ശതമാനമായി ഉയരുമെന്ന് പഠനങ്ങള്‍ പ്രവചിക്കുന്നു.
വ്യായാമത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും പിന്നോക്കമാണ്. അതിനുള്ള താല്പര്യവും സാഹചര്യങ്ങളും അവര്‍ക്ക് പൊതുവെ കുറവാണ്. അമിത വണ്ണമില്ലാത്തവരാണെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്ന പ്രകൃതമില്ലെങ്കില് ഹൃദ്രോഗസാധ്യത ഏറുകതന്നെ ചെയ്യും. ആഴ്ചയില്‍ ഒരുമണിക്കൂറില്‍ താഴെ വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക്, മൂന്നു മണിക്കൂറില്‍ കൂടുതല്‍ വ്യായാമപദ്ധതികളിലേര്പ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത 1.58 മടങ്ങാണ്. വ്യായാമമില്ലാത്ത സ്ത്രീകള്‍ക്ക് രക്താതിസമ്മര്ദമുണ്ടാകാനുള്ള സാധ്യത 55 ശതമാനം കൂടുതലാണ്. പുരുഷന്മാരുടെ പുകവലിയുടെ ഭാഗമായി പുക ശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 15 ശതമാനം കൂടുതലാണ്.
സാമൂഹികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സ്ത്രീകള്‍ ഒന്നിച്ചുകൂടാറുള്ളതുപോലെ, അവരെ മരണത്തിനിരയാക്കുന്നതിന്റെ മുഖ്യ കാരണക്കാരനായ ഹൃദ്രോഗത്തെ തടയുവാനും സ്ത്രീജനങ്ങള്‍ ഒത്തൊരുമിക്കണം. പൊതുവായ ആരോഗ്യപദ്ധതികള്‍ സംവിധാനം ചെയ്യുന്നതില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കണം.
ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രധാന വില്ലന്‍ വര്‍ധിച്ച രക്തസമ്മര്‍ദമാണ്. വികസിത രാജ്യങ്ങളില്‍ 33 കോടി പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ട്. വികസ്വര രാജ്യങ്ങളിലാവട്ടെ 64 കോടി പേര് ഈ രോഗാവസ്ഥയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു. അകാലചരമത്തിനിടയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു രോഗാവസ്ഥയായിട്ടാണ് ലോകാരോഗ്യസംഘടന രക്താതിസമ്മര്‍ദത്തെ വിലയിരുത്തുന്നത്. 2025-ല്‍ ഭൂമുഖത്ത് പ്രഷര്‍ രോഗികളായി 156 കോടി പേര് കാണുമെന്നാണ് പ്രവചനം. സ്ട്രോക്കുണ്ടാകാനുള്ള പ്രധാന കാരണക്കാരന്‍ രക്താതിസമ്മര്‍ദം തന്നെ. മസ്തിഷ്ക്കാഘാതത്തില്‍ 50 ശതമാനവും വര്‍ധിച്ച രക്തസമ്മര്ദത്തെത്തുടര്ന്നുള്ളതാണ്.
പ്രഷറുണ്ടാക്കുന്ന ലോഡ് ധമനികളെയാകമാനം തളര്‍ത്തുകയാണ് ചെയ്യുന്നത്. കാലക്രമേണ ധമനീഭിത്തികള്‍ കട്ടിപിടിക്കുകയും വികലമാകുകയും ചെയ്യുന്നു. അതിന്റെ ഉള്‍വ്യാസം ചെറുതാകുന്നതു നിമിത്തം രക്തപര്യയനം ദുഷ്ക്കരമായി ഹൃദയകോശങ്ങള്‍ക്ക് രക്തദാരിദ്ര്യമുണ്ടാകുന്നു. അനന്തരഫലം വലുതാണ്, ഹാര്‍ട്ട് അറ്റാക്ക്.
പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലു മടങ്ങാണ്. പ്രമേഹരോഗികള്‍ തങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് വേണ്ടവിധം ക്രമീകരിക്കുകയാണെങ്കില്‍, ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനവും സ്ട്രോക്കും ഹാര്ട്ടറ്റാക്കുമുണ്ടാകാനുള്ള സാധ്യത 57 ശതമാനവും ആയി കുറയ്ക്കുവാന്‍ സാധിക്കും. 1995-നും 2025 നും ഇടയ്ക്കുള്ള കാലയളവില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുള്ള വര്‍ധന 170 ശതമാനമായിരിക്കുമെന്നത് മനുഷ്യരാശിക്ക് കൊടുംഭീഷണിയാകുന്നു.
2007-ലെ ഹൃദയാരോഗ്യദിനം ശക്തമായി അപലപിക്കുന്ന മറ്റൊരു പ്രതിഭാസം, ആപത്കരമാം വിധം വര്‍ധിച്ചുവരുന്ന പുകവലിയാണ്. വീടുകളില്‍ പുകവലിക്കുന്ന മാതാപിതാക്കളോടൊപ്പം വളരുന്ന കുട്ടികള്‍ക്ക് പിന്നീട് മാരകമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത പതിന്മടങ്ങാണ്. ജോലിസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിയന്ത്രിക്കുന്ന കാര്യത്തില്‍ പലര്‍ക്കും വൈമുഖ്യമാണ്. ജോലി സ്ഥലങ്ങളിലും പൊതുനിരത്തുകളിലും പുകവലി നിരോധിക്കുന്നതിനുള്ള നടപടികള്‍ അധികാരികള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ്.
ഓരോരുത്തരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന ക്രിയാത്മക നടപടികള്‍ മേലധികാരികള്‍ വീഴ്ചകൂടാതെ നടപ്പാക്കണം. വീടുകളിലെപ്പോലെ പൊതുസ്ഥാപനങ്ങളിലും അവിടെ സേവനമനുഷ്ഠിക്കുന്നവരുടെ മാനസിക-ശാരീരിക സ്രോതസ്സുകളെ സുദൃഢമാക്കുന്നതിനുതകുന്ന ആരോഗ്യപൂര്‍ണമായ അന്തരീക്ഷം മെനഞ്ഞെടുക്കുന്നതിന് വേണ്ടപ്പെട്ടവര്‍ ശ്രദ്ധകൊടുക്കണം. ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സുരക്ഷ, സഹായസഹകരണം, ബഹുമാനം, തുടര്‍ വിദ്യാഭ്യാസത്തിനുള്ള പ്രചോദനം, നല്ല ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യം, ആവശ്യത്തിന് വ്യായാമം ചെയ്യുവാനുള്ള ഇടവേളകള്‍ ഈ ഘടകങ്ങളെല്ലാം തൊഴിലെടുക്കുന്നവരുടെ മാനസികനിലവാരത്തെ സന്തുലിതമാക്കുന്നു.
ആളെ കൊല്ലുന്ന ഭക്ഷ്യ സംസ്കാരം
രണ്ടു പതിറ്റാണ്ടു മുമ്പു വരെ ഭക്ഷണവും കുടിവെള്ളവും വിലക്കു വാങ്ങുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ മലയാളിക്കു കഴിയുമായിരുന്നോ?. ഇന്ന് ആ സ്ഥിതി മാറി. ഏതു ഗ്രാമത്തിന്റെയും മുക്കിലും മൂലയിലും ഫാസ്റ്റ് ഫുഡ് തട്ടുകടകളായി. ആകര്‍ഷകമായി അലങ്കരിച്ച വിഭവങ്ങളും കൊതിയൂറുന്ന മണവും ഇവ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നു. എല്ലാത്തിന്റേയും ദൂഷ്യ വശങ്ങളെ കുറിച്ച് പ്രസംഗിക്കുന്ന മലയാളി ആഹാര കാര്യത്തില്‍ ബോധപൂര്‍വം അതെല്ലാം മറക്കുന്നു. മറുനാട്ടുകാര്‍ കേരളീയ നാടന്‍ ഭക്ഷണ രീതിയുടെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞു അതു പരീക്ഷിക്കുമ്പോഴാണ് സായിപ്പു പോലും വലിച്ചെറിഞ്ഞ ജങ്ക്ഫുഡ് സംസ്കാരത്തിനു കേരളം അടിമപ്പെടുന്നത്.
മലയാളി പൂര്‍ണമായും മാറുകയാണ്. നിത്യ ജീവിതത്തില്‍ അത്യാവശ്യം വേണ്ടതെന്തെന്നു ശരാശരി മലയാളിയോട് ചോദിച്ചാല്‍ ഫാസ്റ്റ് ഫുഡെന്ന ലളിതമായ ഉത്തരത്തിലേക്കു ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു. അനാവശ്യമാണെന്നും ഒഴിവാക്കേണ്ടതാണെന്നും 100 ശതമാനവും ബോധ്യമുണ്ടായിട്ടും എന്തു കൊണ്ട് ഇതിനു പിന്നാലെ വെച്ചു പിടിക്കുന്നു? ആരോഗ്യമുള്ള ഒരു തലമുറ ബാക്കിയാവണമെങ്കില്‍ നിശ്ചയമായും ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണിത്. നാലാള് കൂടിയാല്‍ ഫാസ്റ്റ്ഫുഡ് വേണം. പ്രത്യേകിച്ചും ചുട്ടയിറച്ചിയും കോളയും ഒരു സ്റ്റാറ്റസ് ആയി മാറുകയാണ്. റോഡു വക്കില്‍ തട്ടിക്കൂട്ടുന്ന പല കടകളിലും ചുട്ടയിറച്ചി ഉണ്ടാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടുകളിലാണ്. പുറമെ വാഹനങ്ങളില്‍ നിന്നുള്ള പുകയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും അവയില്‍ ഉണ്ടാകാം. വിഭവങ്ങള്‍ക്ക് മാര്‍ദവവും രുചിയും മണവും കൂട്ടുന്ന അജിനോമോട്ടോ, കൃത്രിമ നിറങ്ങള്‍ എന്നിവയെല്ലാം ജീവിത ശൈലീരോഗങ്ങള്‍ മുതല്‍ അര്‍ബുദത്തിനുവരെ കാരണമായിത്തീരാം. എണ്ണയും, ഉപ്പും, മുളകു പൊടിയും മറ്റു സുഗന്ധ ദ്രവ്യങ്ങളും ചേര്‍ത്തു ചുട്ടെടുക്കുന്ന മത്സ്യവും, മാംസവും കാന്‍സറിനു കാരണമാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നു കനഡയിലെ വാന്‍കൂവറില്‍ നടന്ന ശാസ്ത്രകാരന്മാരുടെ സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ട കാര്യം വിസ്മരിക്കാനാവില്ല. തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഇറച്ചിയും മീനും കാര്‍സിനോജനുകള്‍ക്ക് കാരണമാവുന്നു. ഇത് പുകവലിയേക്കാളും മദ്യപാനത്തേക്കാളും ഹാനികരമാണെന്നു ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. നേരത്തെ അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ ഗ്രില്‍ഡ് ഇറച്ചികള്‍ കാന്‍സറിനു കാരണമാവുമെന്നു കണ്ടെത്തിയിരുന്നു. കല്‍ക്കരിയോ, ഗ്യാസോ ഉപയോഗിച്ച് ഗ്രില്‍ഡ് ഇറച്ചി ഉണ്ടാക്കുമ്പോള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ് (പി.എ.എച്ച്) ഇറച്ചിയില്‍ കലരുന്നു. ഇത് പിന്നീട് കാന്‍സറിന് കാരണമാകുന്നതായി പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ കല്‍ക്കരിയോ, ഗ്യാസോ ഉപയോഗിച്ച് തീയില്‍ നേരിട്ട് വേവിക്കുന്നതിനാല്‍ ഇവയില്‍ വ്യാപകമായി ടാര്‍ പിടിക്കുകയും ഇതില്‍ കാര്‍സിനോജനുകള്‍ ഉണ്ടാവാനുള്ള സാധ്യതയും നിലനില്ക്കുന്നു.
എന്തു വിശേഷ ദിനം വന്നാലും ചുട്ടയിറച്ചിയില്ലാത്ത ആഘോഷം ആലോചനക്കു പുറത്താണ്. അല്‍ഫാം, തന്തൂരി, ഷവായ, കബാബ്, ഗ്രില്‍ഡ് ഇങ്ങനെ പലപേരിലായി നാം അകത്താക്കുന്നത് ആയുസിന്റെ ഏടില്‍ നിന്നും ചിലതു കീറാനുള്ള വഴിയാണ്. ഇതിനു പുറമെ ഒരു ദിവസം തന്നെ വിവിധ പരിപാടികളുടെ പേരില്‍ അറിയാതെ ശരീരത്തിലെത്തുന്ന കൊഴുപ്പും മധുരവും വേറെ. ഒന്നിനും മതിയായ സമയം കിട്ടാത്ത ജീവിത തിരക്കും അണുകുടുംബങ്ങളുടെ കടന്നുവരവും ഒരുനേരമെങ്കിലും ഭക്ഷണം പുറത്തുനിന്നാക്കാം എന്ന നിലയില്‍ മാറ്റിയിരിക്കുകയാണിപ്പോള്‍.
വേഗത്തില്‍ തയാറാക്കുന്ന വിഭവങ്ങളാണല്ലോ ഫാസ്റ്റ് ഫുഡ്. കുറഞ്ഞ സമയംകൊണ്ട് തയാറാക്കാമെങ്കിലും ഇവയുടെ ഭവിഷ്യത്ത് ജീവിതകാലം മുഴുവന്‍ നിലനില്ക്കും. പോഷകങ്ങള്‍ വളരെ കുറഞ്ഞ, കൂടുതല്‍ ഊര്‍ജ്ജവും ഉപ്പും നിറഞ്ഞ ഭക്ഷണമാണ് ജങ്ക്ഫുഡ് ആയി അകത്തേക്കു കയറ്റുന്നത്. ശരാശരി മലയാളിയുടെ പരമ്പരാഗത ഭക്ഷണരീതി ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷക സമൃദ്ധമായിരുന്നു. ഇവയില്‍ കൊഴുപ്പിന്റെ അംശം തുലോം കുറവും നാരിന്റെ അംശം കൂടുതലുമാണ്. പഞ്ചസാരക്കു പകരം പഴയ തലമുറ ഇരുമ്പടങ്ങിയ ശര്‍ക്കര, കരുപ്പെട്ടി തുടങ്ങിയ മധുരങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ചുട്ട ഇറച്ചിയോടൊപ്പം യാതൊരു ഗുണവും വിറ്റാമിനുകളുമില്ലാത്ത പൊറോട്ട മലയാളിയുടെ ദേശീയ ഭക്ഷണമായി മാറിക്കഴിഞ്ഞു. പൊറോട്ടയും ചിക്കനുമായുള്ള കോമ്പിനേഷനും കഴിച്ചാല്‍ പെട്ടെന്ന് വയറു നിറയുമെന്നതുമാണ് ഇതിനൊരു പ്രധാന കാരണം. ഇതിലാവട്ടെ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. ഒരു പൊറോട്ടയില്‍ നാലഞ്ച് ടീസ്പൂണ്‍ എണ്ണയും കാണും. ശുദ്ധീകരിച്ച മൈദയില്‍ നാരും വിറ്റാമിനുകളും കുറവായിരിക്കും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പൊറോട്ട കഴിക്കുന്നതിനേക്കാളും നല്ലത് കടലാസ് വിഴുങ്ങുകയാണ്. കുട്ടികളെപ്പോലും മാരകരോഗങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് ഈ ഉത്തരാധുനിക ഭക്ഷ്യ സംസ്കാരം മലയാളിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
വല്ലപ്പോഴും ഫാസ്റ്റ് ഫുഡ് കഴിച്ചതുകൊണ്ട് കുഴപ്പമില്ല. അത് ഒരു ശീലമാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 1990കളുടെ മധ്യത്തോടെയാണ് കേരളീയരുടെ ഭക്ഷണരീതിയില്‍ സമൂലമായ മാറ്റം പ്രകടമായിത്തുടങ്ങുന്നത്. സാമ്പത്തികമായ നേട്ടങ്ങള്‍ക്കൊപ്പം തനത് രീതിയില്‍ നിന്നും മാറാനുള്ള ത്വരയാണ് ഇതിനു കാരണമെന്നു വ്യക്തം. എണ്ണയില്‍ വറുത്ത ആഹാര സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാവില്ല. എന്നാല്‍ എണ്ണയുടെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫാസ്റ്റ് ഫുഡുകളെ മാരകമാക്കുന്നത് അതിനു ഉപയോഗിക്കുന്ന എണ്ണയിലൂടെയാണ്. ഇത് ഹൃദയാഘാതം, അമിത രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കും.
എണ്ണ കേടുകൂടാതിരിക്കാന്‍ സസ്യ എണ്ണകളില്‍ ഹൈഡ്രജന്‍ ചേര്‍ത്ത് തയാറാക്കുന്ന ട്രാന്‍സ്ഫാറ്റി ആസിഡ്സ് വളരെ അപകടകാരിയാണ്. അമിത ചൂടില്‍ എണ്ണ ചൂടാക്കുന്നതു മൂലം ഉണ്ടാകുന്ന മറ്റൊരു വിഷപദാര്‍ഥമാണ് ആക്രിലമൈഡ്. ചെറുപ്പത്തിന്റെ പ്രിയ വിഭവങ്ങളായ ഫ്രഞ്ചുഫ്രൈയ്സിലും ചിപ്സിലുമെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കു കഴിച്ചു വളരാന്‍ മാതാപിതാക്കള്‍ സ്നേഹത്തോടെ വാങ്ങി നല്‍കുന്നത് പോഷകസമൃദ്ധമായ ഭക്ഷണമല്ല; വിഷമാണെന്ന് സാരം. അനാരോഗ്യകരമായ ഒരു ആഹാരരീതി ബുദ്ധിയും ആത്മവിശ്വാസവുമുള്ള ഒരു തലമുറയുടെ വളര്‍ച്ചക്കുതന്നെ തടസം നില്ക്കുന്നു. ഇത്തരം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ കാത്സ്യമോ മറ്റ് അവശ്യ വിറ്റാമിനുകളോ ശരീരത്തിനു ലഭിക്കാതെ പോകുന്നു. മുതിര്‍ന്നവരില്‍ ഇത് എല്ലുകള്‍ പൊട്ടുന്നതിനു വരെ കാരണമാകാം. കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകുമ്പോള്‍ അവരെ വഴക്കു പറഞ്ഞതുകൊണ്ടു മാത്രം കാര്യമായില്ല. പോഷാകാഹാരക്കുറവ് അവരുടെ ബുദ്ധിശക്തിയെയും ഓര്‍മശക്തിയെയും വരെ ബാധിച്ചേക്കാം.
ആരോഗ്യകരമായ ഭക്ഷണം കഴിച്ചതുകൊണ്ടു മാത്രമായില്ല. അത് കൃത്യ സമയത്തു കഴിക്കാനും ശ്രദ്ധിക്കണം. ഭക്ഷണരീതി ക്രമീകരിക്കുന്നത് നല്ലതാണ്. സമയക്രമം പിന്തുടരാന് കഴിയാത്തവര്‍ കൃത്യമായി പാലിക്കാവുന്ന ഒരു സമയക്രമം കണ്ടെത്തി ആരോഗ്യകരമായ ഭക്ഷ്യശീലം വളര്‍ത്തിയെടുക്കണം.
കേരളീയ വിഭവങ്ങൾ
- സാമ്പാർ
- പുളിഇഞ്ചി
- ഇഞ്ചിപ്പുളി
- കാളൻ
- തോരൻ
- കിച്ചടി
- ഓലൻ
- അവിയൽ
- പത്തിരി
- പച്ചടി
- ഇഷ്ടു
- പുളിശ്ശേരി
- എരിശ്ശേരി
- അച്ചാർ
- രസം
- മോര്
- ചമ്മന്തി
- സദ്യ
- കഞ്ഞി
- പായസം
- പപ്പടം
- ഉപ്പേരി
- അപ്പം
- പുട്ട്
- നൂൽപുട്ട്
- ഇടിയപ്പം
- ദോശ
- മസാല ദോശ
- കേരള പറോട്ട
- ഉപ്പുമാവ്
- ഇഡ്ഡലി
- ഉഴുന്നുവട
- പഴംപൊരി
- സുഗിയൻ
- പരിപ്പുവട
- മീൻകറി
- ഇറച്ചിക്കറി
- കോഴിക്കറി